മാർമല വെള്ളച്ചാട്ടം
കോട്ടയത്തെ ഏറ്റവും ഉയരമുള്ള വെള്ളച്ചാട്ടം
ഈരാറ്റുപേട്ടയിൽ നിന്നും വാഗമൺ വഴിയിൽ, തീക്കോയി നിന്നും ഇടത്തു വശത്തായി 7 km അകലെയായി തെങ്ങിൻതോപ്പിനും റബ്ബർ തോട്ടങ്ങൾക്കുമിടയിലായി വന്യഭംഗിയോടും പാറക്കൂട്ടത്തോടും വെള്ളത്തിന്റെ ആരവത്തോടും കൂടി ചേർന്ന് ഈ മാർമല വെള്ളച്ചാട്ടം പ്രകൃതിക്കു മനോഹരമായി ഒരുക്കിവച്ചിരിക്കുന്നു .
തീക്കോയിയിൽ നിന്നും വെള്ളച്ചാട്ടത്തിലേക്കുള്ള പുതിയ വഴിയുടെ പണികൾ പുരോഗമിക്കുന്നു , ഇപ്പോൾ വേലികെട്ടി അടക്കാത്ത സഹൃദയരായ നാട്ടുകാരുടെ പറമ്പുകളിൽ കൂടെ, മാർമല അരുവിയുടെ മുകളിലൂടെയുള്ള പാലത്തിലൂടെ പ്രകൃതി ഭംഗി വിളിച്ചു അറിയിക്കുന്ന മുള പാലത്തിലൂടെ റോഡിൽ നിന്നും 2 km നടന്നു വേണം വെള്ളച്ചാട്ടത്തിലെത്തുവാൻ. 60 meter ഉയരമുള്ള ഈ വെള്ളച്ചാട്ടം തെന്മലയിലെ പാലരുവിയുടെ കോട്ടയത്തെ പ്രതിനിധിയാണോ എന്ന് സംശയം തോന്നും. എന്നാൽ പാലരുവിയുടെ മനോഹാരിത ഇതിനവകാശപ്പെടാൻ കഴിയുകയില്ല എന്നത് വാസ്തവം തന്നെ.
വെള്ളം വന്നു പതിക്കുന്ന പാറക്കൂട്ടത്തിനാൽ ചുറ്റപ്പെട്ട കുളം 10 മീറ്ററിലധികം താഴ്ചയുള്ളതാണെന്നുള്ളത് സഞ്ചാരികൾ പ്രത്യേകം ശ്രദ്ധിക്കണം. പെട്ടെന്നുണ്ടാകുന്ന മലവെള്ളപ്പാച്ചിലിൽ ഇതുവരെ ജീവഹാനി സംഭവിച്ചിട്ടുണ്ട് എന്നതും സഞ്ചാരികൾ ശ്രദ്ധിക്കുമല്ലോ ?
ഈ വെള്ളച്ചാട്ടത്തിൽ നിന്നും നോക്കിയാൽ മഞ്ഞു പുതച്ചുനിൽക്കുന്ന 8 km അകലെയുള്ള ഇല്ലിക്കൽ കല്ല് കാണാമെന്നുള്ളത് ഒരു പ്രത്യേകതയാണ്.